Categories
Announcements

ആശ്രമത്തിനെതിരെ പ്രചരിപ്പിക്കുന്ന വാർത്തകൾ സത്യസന്ധമല്ല

ഈ വാർത്ത സത്യസന്ധം അല്ല.. ആശ്രമത്തിൽ അന്തേവാസികളായി വിദേശികൾ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ ഗൈഡ്‌ലൈൻ പ്രകാരം 28 ദിവസത്തിനു മുൻപ് നാട്ടിലെത്തിയ വിദേശികളെ രക്ത പരിശോധന നടത്തണമെന്ന് നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ്ന്റെ മേൽനോട്ടത്തിൽ ആളുകളെ വള്ളിക്കാവിൽ നിന്നു കൊണ്ടുവന്ന കരുനാഗപ്പള്ളി ആശുപത്രിയിൽ രക്തസാമ്പിൾ എടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.. അവരിൽ ആർക്കും രോഗലക്ഷണങ്ങളും മറ്റും ഒന്നും കണ്ടിട്ടില്ല അങ്ങനെ ഉണ്ടായതിന്റെ പേരിലും അല്ല രക്ത പരിശോധന നടത്തിയത്. വസ്തുതകൾ ശരിയായി ബോധ്യപ്പെടാതെ ദയവായി പ്രചരിപ്പിക്കരുത്

Talked to :
Distirict Collector Kollam
ACP KARUNAGAPPALLY
DR. Anoop krishnan kply THQH

ഈ വാർത്ത സത്യസന്ധം അല്ല.. ആശ്രമത്തിൽ അന്തേവാസികളായി വിദേശികൾ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ ഗൈഡ്‌ലൈൻ പ്രകാരം…

ഇനിപ്പറയുന്നതിൽ DrAnil Muhammed പോസ്‌റ്റുചെയ്‌തത് 2020, മാർച്ച് 24, ചൊവ്വാഴ്ച

ആലപ്പാട് ഗ്രാമപഞ്ചായത്തംഗം ആർ ബേബിയാണ് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് . ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ —

ലോകം ഒരു മഹാമാരിക്കെതിരേ പടപൊരുതുന്ന ഈ സന്ദർഭത്തിൽ ആരോഗ്യ പ്രവർത്തകരും സർക്കാർ സംവിധാനത്തിൻ്റെ ഭാഗമായിട്ടുള്ള കർശനമായ നിർദ്ദേശങ്ങളും പാലിക്കുവാൻ ഏതൊരു പൗരനും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ച് കഴിഞ്ഞ ദിവസം രാജ്യം കൈകൾ ചേർത്തടിച്ചപ്പോൾ. ആവുന്ന രീതിയിലെല്ലാം ശബ്ദമുണ്ടാക്കി ഐക്യ ദാർഡ്യം പ്രഖ്യാപിച്ചവരാണ് മാതാ അമൃതാനന്ദമയീ മഠവും അവിടത്തെ അന്തേവാസികളും കൊറോണ ചൈനയെ കാർന്നുതിന്നുന്ന സമയത്ത് ആലപ്പാട് പഞ്ചായത്തിലെ മെഡിക്കൽ സംഘം മഠം അധികൃതരെ സമീപിക്കുകയും ആവശ്യമായ മുൻ കരുതൽ സ്വീകരിക്കുവാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ദർശനവും ആലിംഗനവും ഒഴിവാക്കിയെന്നും സന്യാസ ദീക്ഷ നൽകുന്ന ചടങ്ങ് ലളിതവൽക്കരിക്കുകയും സന്ദർശകർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു എന്ന വാർത്ത എല്ലാ മുഖ്യധാര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഏറ്റവും കൂടുതൽ വിദേശികൾ താമസിക്കുകയും വന്നു പോകുകയും ചെയ്യുന്ന സ്ഥലം എന്ന നിലയിൽ ആലപ്പാട് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ നിരവധി തവണ മഠം സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കാൻ മുതിരുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ തുടക്കം മുതൽ വ്യക്തമായ വിവരങ്ങൾ കൈമാറുന്നതിൽ മഠം അധികൃതർ നിഷേധാത്മക നിലപാടാണെടുത്തത്.ഒടുവിൽ രോഗ തീവ്രത കേരളത്തിൽ പ്രകടമായി തുടങ്ങിയപ്പോൾ കൈമാറിയ വിവരങ്ങളിൽ വ്യാപകമായ പിശകുകൾ ഒടുവിൽ ജില്ലാ കളക്ടർ ഇടപെട്ടു യോഗം വിളിച്ചു. ആ യോഗത്തിൽ മഠം പ്രതിനിധി ആവർത്തിച്ച് പറഞ്ഞത് പഞ്ചായത്ത് അധികൃതരോ ആരോഗ്യ പ്രവർത്തകരോ മഠം സന്ദർശിക്കുകയോ വിവരങ്ങൾ ആരായുകയോ ചെയ്തിട്ടില്ലായെന്നാണ്. സന്യാസം എന്നാവരണം എന്ത് കള്ളവും പറയാനുള്ളതല്ല എന്ന കാര്യമെങ്കിലും ഇവർ മനസിലാക്കേണ്ടേ.
എന്നാൽ മെഡിക്കൽ ഓഫീസർ കൃത്യമായി തുടക്കം മുതൽ റിപ്പോർട്ട് കളക്ടർക്ക് നൽകിയിരുന്നു.അതോടൊപ്പം മഠം അധികൃതരുമായി നടത്തിയ ആശയ വിനിമയത്തിൻ്റെ പൂർണ്ണവിവരങ്ങൾ കാണിക്കുകയും അവരുടെ പൊള്ളത്തരം തുറന്നു കാട്ടുകയും ചെയ്തു.67 പേർ നിരീക്ഷണത്തിൽ ഉണ്ട് എന്നുള്ള വിവരം ഇവർ എന്തിന് മറച്ചു വെച്ചു എന്നത് ഈ സമൂഹം ചോദിക്കേണ്ട ചോദ്യമാണ്. ഇവിടത്തെ നിയമ സംവിധാനങ്ങൾ ചോദിക്കേണ്ട ചോദ്യമാണ് ,ഇന്ന് ആലപ്പാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെയും സ്ഥലം വാർഡ് മെമ്പറുടേയും ആരോഗ്യ സേന പ്രവർത്തകരുടേയും നേതൃത്വത്തിൽ 67 പേരേയും ആംബുലൻസ് വരുത്തി കൊറോണ ടെസ്റ്റിന് വിധേയരാക്കി നാഴികക്ക് നാൽപ്പത് വട്ടം ബ്രേക്കിംഗ് ന്യൂസ് നൽകുന്ന മലയാള ത്തിലെ മാമ മാധ്യമങ്ങൾ ഇതൊന്നും കാണില്ല കണ്ടാലും മുഖം തിരിക്കും ആത്മീയതയെ വിറ്റു തിന്നുന്ന ഇവരെ ഈ നാട്ടിലെ നിയമത്തിന് ഒന്നും ചെയ്യാൻ കഴിയില്ല അത് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

ആർ. ബേബി
ഗ്രാമപഞ്ചായത്തംഗം
ആലപ്പാട്

https://www.facebook.com/story.php?story_fbid=2807957309282346&id=100002043140538

ആശ്രമത്തിന്റെ പത്രക്കുറിപ്പ്

ലോകം മുഴുവൻ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 വയറസ്സിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ശക്തമായ നടപടികളും മുന്കരുതലുകളുമായി മുന്നോട്ടുപോവുകയാണ് കേരള, കേന്ദ്ര സർക്കാരുകൾ. വ്യക്തികളും, സ്ഥാപനങ്ങളും ഈ പരിശ്രമത്തിൽ സർക്കാരുകൾക്കൊപ്പം അണിനിരക്കുകയും, അവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്‌താൽ മാത്രമേ ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷനേടാൻ സാധിക്കൂ. ഈ പശ്ചാത്തലത്തിൽ പൊതുസുരക്ഷയെ മുൻനിർത്തി സർക്കാർ സംവിധാനങ്ങൾ നിർദ്ദേശിച്ച നടപടികൾ ഓരോന്നും അക്ഷരം പ്രതി അനുസരിച്ചുകൊണ്ടാണ് മാതാ അമൃതാനന്ദമയി മഠം മുന്നോട്ടു പോകുന്നത്.

മാതാ അമൃതാനന്ദമായി മഠത്തിൽ വിദേശത്തുനിന്നും എത്തി കൊറന്റൈനിൽ കഴിയുന്ന ഓരോരുത്തരുടെയും വിശദമായ കണക്കുകൾ, അവരുടെ ആരോഗ്യ വിവരങ്ങൾ, ഈ പശ്ചാത്തലത്തിൽ മഠം സ്വീകരിച്ച മുൻകരുതലുകൾ തടുങ്ങിയ എല്ലാ വിവരങ്ങളും ജില്ലാ മെഡിക്കൽ ഓഫീസറടക്കമുള്ള അധികാരികളുടെ കൈവശം ഉണ്ട്. മറിച്ചുള്ള പ്രചരണങ്ങൾ യാഥാർഥ്യത്തിനു നിരക്കുന്നതല്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ഈ നിർണ്ണായക പ്രതിസന്ധിഘട്ടത്തിലും ജനങ്ങൾക്കിടയിൽ ഭീതിപരത്തുന്ന വിധത്തിൽ വ്യാജപ്രചരണങ്ങൾ ഉണ്ടാകുന്നു എന്നിട്ടുള്ളത് ആശങ്കാ ജനകമാണ്. അത്തരം വ്യാജപ്രചരണങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും, സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാവണമെന്നും എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.

സർക്കാർ നിർദ്ദേശം വന്നതിനുശേഷം ഏതാണ്ട് കഴിഞ്ഞ മൂന്നാഴ്ചയോളമായി ആശ്രമത്തിൽ, വിദേശികളോ സ്വാദേശികളോ ആയ ഒരാളെപ്പോലും പുറത്തുനിന്നും പ്രവേശിപ്പിക്കുന്നില്ല. വിദേശത്തു നിന്നും തിരിച്ചെത്തിയ വിദേശികളും, സ്വദേശികളുമായ എല്ലാ അന്തേവാസികളെയും സർക്കാർ നിർദ്ദേശമനുസരിച്ച് കൊറന്റൈൻ ചെയ്താണ് താമസിപ്പിച്ചിരിക്കുന്നത്.(മുൻപ് 15 ദിവസമായിരുന്നു വിദേശത്തുനിന്നെത്തുന്നവർക്ക് നിരീക്ഷണ കാലം, ഇപ്പോൾ അത് 28 ദിവസങ്ങളാക്കി സർക്കാർ പുനർനിർണയിച്ചിട്ടുണ്ട്). രണ്ടായിരത്തിലധികം സ്ഥിരതാമസക്കാർ ഉള്ള സ്ഥലമായതിനാൽ തന്നെ രോഗവ്യാപനം തടയുന്നതിനായി, ശരീരോഷ്മാവ് പരിശോധിക്കുന്നതടക്കമുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒന്നരമാസത്തോളമായി എല്ലാ ദിവസവും ജില്ലാ മെഡിക്കൽ ഓഫീസർക്ക്, അതാതു ദിവസത്തെ സ്ഥിതിഗതികൾ വ്യക്തമാക്കുന്ന റിപ്പോർട്ട് ആശ്രമത്തിൽ നിന്നും ഇമെയിൽ മുഖാന്തിരം അയക്കുന്നുണ്ട്. കൂടാതെ ആലപ്പാട് പഞ്ചായത്തിൽ നിന്നും ആരോഗ്യ പ്രവർത്തകർ എല്ലാ ദിവസവും ആശ്രമം സന്ദർശിക്കുകയും, വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.
ഫെബ്രുവരി 25നു ശേഷം വിദേശത്തുനിന്നു വന്ന 58 പേരെ സർക്കാർ നിർദ്ദേശപ്രകാരം ഹോം കൊറന്റൈനിൽ താമസിപ്പിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും അവരൊന്നും മുറിവിട്ട് പുറത്തുവരികയോ, മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യുന്നില്ല. അവരുടെ ആരോഗ്യ വിവരങ്ങൾ ഓരോ ദിവസവും ജില്ലാ മെഡിക്കൽ ഓഫീസിനെയും, പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെയും അറിയിക്കുന്നുണ്ട്.

14 ദിവസത്തിലധികമായിട്ടും ഇവരിലാരും എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിച്ചിട്ടില്ലെങ്കിലും, സർക്കാർ പിന്നീട് നിദ്ദേശിച്ച 28 ദിവസത്തേക്ക് കൊറന്റൈൻ നീട്ടുകയായിരുന്നു. മുൻകരുതൽ എന്ന നിലയിൽ ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചതനുസരിച്ച് ഈ 58 പേരും, പരിശോധനയ്ക്ക് തയാറാവുകയും, 16 പേർ കരുനാഗപ്പള്ളിയിൽ പോയി ഇന്ന് തന്നെ പരിശോധനയ്ക്കായുള്ള നടപടികളിൽ ഭാഗഭാക്കാവുകയും ചെയ്തു. മറ്റുള്ളവർ ഇനി വരുന്ന ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയരാകും.